ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ കേസിൽ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡൽഹിയിലെ കർക്കർഡൂമ കോടതിയാണ് വിധി പ്രസ്താവിച്ചത്.
അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ രീതി അങ്ങേയറ്റം ക്രൂരമായിരുന്നുവെന്ന് വിധി പ്രസ്താവത്തിൽ കോടതി നിരീക്ഷിച്ചു. കുറ്റകൃത്യത്തിന്റെ ഭീകരത കണക്കിലെടുക്കുമ്പോൾ ഇത് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് കോടതി പറഞ്ഞു.
2020 ഫെബ്രുവരി അവസാനത്തോടെ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെയാണ് ഐബി സെക്യൂരിറ്റി അസിസ്റ്റന്റായ അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയത്. ആക്രമണത്തിനുശേഷം അദ്ദേഹത്തിന്റെ മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നു. അടുത്ത ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.
താഹിർ ഹുസൈൻ ആൾക്കൂട്ടത്തിൽ മാത്രമാണുണ്ടായിരുന്നതെന്നും നേരിട്ട് കൊലപാതകത്തിൽ പങ്കില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷക വാദിച്ചു. കേസിൽ പ്രതിയായ അഞ്ച് പേരിൽ ആരും കത്തി ഉപയോഗിച്ചിട്ടില്ലെന്നും കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അവർ പറഞ്ഞു.